Latest Updates

പ്രവാസികളുടെ പുനരധിവാസത്തിന്  കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ക്ക് പുറമെ സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിന് 2,000 കോടി രൂപയുടെ വിശദമായ പ്രൊപ്പോസല്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. 

 വിവിധ രാജ്യങ്ങളില്‍ നിന്നും Valid Passport, Valid Job Visa എന്നിവയുമായി തിരിച്ചെത്തി തിരികെപോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് 5,000/- രൂപ വീതം അടിയന്തിര ധനസഹായം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതനുസരിച്ച് 1,33,800 പേര്‍ക്ക് ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ച പ്രവാസികള്‍ക്ക് 10,000/- രൂപ വീതം ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇത് നാളിതുവരെയായി 181 പേര്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രവാസി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്ക് കോവിഡ് രണ്ടാം തരംഗത്തില്‍ സര്‍ക്കാര്‍ ധനസഹായമായി 1,000/- രൂപ വീതം 18,278 പേര്‍ക്ക് അനുവദിച്ചിട്ടുണ്ട്.

  തിരിച്ചെത്തിയ പ്രവാസികളില്‍ 12.67 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നാണ് കോവിഡ് പോര്‍ട്ടലിലെ ഇന്നലെ വരെയുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴില്‍ സംരംഭക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും 2021 - 22 ലെ  ബഡ്ജറ്റില്‍ 50 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.  തിരികെ എത്തിയ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പിന്തുണ നല്‍കുന്ന 'നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍സ്' (NDPREM) പദ്ധതി വിപുലീകരിക്കുകയും പദ്ധതി വിഹിതം 2021-22 വര്‍ഷത്തില്‍ 24.4 കോടി രൂപയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 30 ലക്ഷം രൂപ വരെയുള്ള ബാങ്ക് വായ്പകള്‍ക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം രൂപ)  നാലു വര്‍ഷത്തേക്ക് 3 ശതമാനം പലിശ സബ്‌സിഡിയും ഈ പദ്ധതി മുഖേന ലഭിക്കുന്നതാണ്.

മടങ്ങിവന്ന പ്രവാസികള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രേഖകള്‍ക്ക് അപേക്ഷിച്ചാല്‍ 15 ദിവസത്തിനകം അവ ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശത്തുനിന്ന് ശമ്പളവും മറ്റു ആനുകൂല്യവും ലഭിക്കാനുള്ളവര്‍ വിശദമായ അപേക്ഷയും  ബന്ധപ്പെട്ട രേഖകളും നോര്‍ക്കയുടെ ഇ-മെയിലില്‍ അയക്കുവാന്‍ പത്രമാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. ഇപ്രകാരം ലഭ്യമായ അപേക്ഷകള്‍ യഥാസമയം ബന്ധപ്പെട്ട എംബസികളുടേയും വിദേശകാര്യ മന്ത്രാലയങ്ങളുടേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice